അച്ഛനും അമ്മയ്ക്കും
ആദ്യത്തെ പുത്രിയായി
ഭൂമിയിലേക്ക് പിറന്ന
ആ നാൾ മുതൽ,
ശൈശവ ബാല്യ
തലങ്ങളിലെല്ലാം ഞാൻ,
ചെയ്ത കുസൃതി
കുറുമ്പു കഥകളന്ന്,
അച്ഛനും അമ്മയും
അമ്മൂമ്മയും, പിന്നെ,
അപ്പച്ചി കൊച്ചച്ചന്മാരുമെലാം,
എത്രയോ വട്ടം പറഞ്ഞു കേട്ടു.
ബാല്യത്തിൽ, കേട്ടതും
കണ്ടതുമെല്ലാമെൻ
മനസ്സിൻറെ ചെപ്പതിൽ,
മായാതെ മങ്ങാതെ ചേർത്തു വച്ചൂ.
ബാല്യത്തിൽ കൗമാരം,
കൊതിച്ചെന്നിരിക്കിലും,
കൗമാരമായപ്പോൾ,
യൗവനമായി സ്വപ്നം.
യൗവനമായപ്പോൾ,
കൂട്ടായി കുടുംബമായി,
പിന്നതിവേഗം,
കടന്നുപോയി നാളുകൾ.
വാർദ്ധക്യം എത്തി ഞാൻ
കണ്ണ് തുറന്നപ്പോൾ,
ഒപ്പമില്ല അച്ഛനും, അമ്മയും,
പിന്നെ അപ്പച്ചി കൊച്ചച്ചന്മാരുമാരും.
മക്കളോ വളർന്നു
വലുതായി അവരിന്ന്,
ചേക്കേറി അകലെയായി
ഭാര്യാസമേതരായി.
ഇന്നൊരു വട്ടമെൻ ബാല്യ
വിശേഷങ്ങൾ കേൾക്കുവാനായി,
ഞാൻ തേടുകയാണ് എൻറെ
ഉറ്റോർ ഉടയോരെ.
നക്ഷത്ര കൂട്ടങ്ങൾക്കുള്ളിൽ
എവിടെയോ, മിന്നി മറയുന്നു
ഭൂതലം വിട്ടോരെൻ
ഉറ്റോർ ഉടയവർ.
ഓർമ്മ വിളമ്പുവാൻ
തേടുന്നു ഞാനിന്ന്,
കണ്ണെത്താ ദൂരത്തെ
മക്കളെ എപ്പോഴും.
കേൾക്കാനും, പറയാനും
ആളില്ലെന്നായപ്പോൾ,
മടങ്ങുവൻ തോന്നുന്നെൻ
അമ്മതൻ ഗർഭത്തിൽ.