പ്രഭാതം
ഉറക്കം വെടിഞ്ഞൊരാ, സൂര്യൻറെ കണ്ണുകൾ മെല്ലെ തുറന്നപ്പോൾ, ഉണ്ടായ രശ്മികൾ
രാവിൻമറയതെ, കീറിമുറിച്ചു കൊണ്ടെത്തി
ഉണർത്തിയീ, പ്രകൃതിയെ മന്ദമായി.
സന്ധ്യയിൽ നൽകിയ, വാഗ്ദാനം പാലിച്ച് വന്നെത്തി ആദിത്യൻ, ഭൂമിയെ പുൽകുവാൻ.
ലോകത്തിൻ വിശ്വാസം, കാത്തുസൂക്ഷിച്ചു
കൊണ്ടോരോ പ്രഭാതവും ഓടിയെത്തീടുന്നു.
ആകാശത്തകലെയായി, സൂര്യനെ കണ്ടപ്പോൾ
ധാത്രിതൻ ഉൾതാരിൽ, ഉണ്ടായൊരാനന്ദം,
നിശ്വാസമായി, അങ്ങ് നിർഗമിച്ചീടവേ
ഉണ്ടായി മാറ്റങ്ങൾ, ഒട്ടേറെ ഭൂവതിൽ.
ഉണരുന്നു പക്ഷികൾ, വൃക്ഷലതാദികൾ,
മീട്ടുന്നു പ്രകൃതിതൻ, സൂര്യഗായത്രികൾ.
തെളിയുന്നങ്ങ് ആകാശം, നീലമേഘങ്ങളും
വിരിയുന്നു വല്ലിയിൽ, പൂക്കൾ പലതരം.
പ്രഭാതമതെത്രയോ, ക്ഷണികമാണെങ്കിലും
അതിലുണ്ട് സന്ദേശം, ഒട്ടേറെ ശ്രദ്ധിക്കാൻ.
ലക്ഷ്യങ്ങൾ നേടുവാൻ, ശ്രദ്ധാലുവായാലും,
വിശ്വാസം കാക്കണം, സ്നേഹം പകരണം.
Dated: June 10, 2024
No comments:
Post a Comment