Wednesday, June 19, 2024

മഴയും ഞാനും


മഴയും ഞാനും 
രചന: ആനന്ദം ( നവംബർ 2008)

ചനപിന പെയ്യുന്ന മഴയുടെ മാറിലെ
 നനവൊന്നു വാരി പുണരുവാൻ മോഹം. അതിലേറെ അതിലൂടെ ഓടിക്കളിക്കുവാൻ നനവാർന്ന മോഹങ്ങൾ തത്തിവന്നു.

 പ്രായമാധിക്യവും കായ ദൗർബല്യവും കണ്ണുനീർ ചാലിൽ പരിണമിച്ചു. ആമോഹമെല്ലാം പൊഴിഞ്ഞു മനസ്സിൻറെ നൊമ്പരം മാത്രം കുതിർന്നുയർന്നു.

 നോവുന്ന മനസ്സിൻറെ തേങ്ങലിൻ തുള്ളികൾ മേഘപ്പുതപ്പിൻ തുടിപ്പായി മാറി
 ചറുപിറ ചാറലായി ലയമൊത്ത ചുവടുമായി പ്രകൃതിതൻ കേളി കുറിക്കുകയായി. 

ആർത്ത്യും വിതുമ്പിയും താണ്ഡവമാടിയും 
കറുകറെ മേഘങ്ങൾ പെയ്തു മാറി 
ബാലാർക്ക ബിംബത്തിൻ ചൂടുള്ള രശ്മികൾ പാത്തും പതുങ്ങിയും പുഞ്ചിരിച്ചു.

മഴയെന്ന പ്രകൃതിതൻ കുളിരുള്ള ഭാവങ്ങൾ  മതിയാവയോളം മനസ്സിലേറ്റി 
 മായുന്ന മറവിയെ പയ്യെ തലോടി ഞാൻ നിദ്രതൻ ലഹരിയിൽ ആഴ്ന്നിറങ്ങി.

No comments: