Sunday, June 2, 2024

ഒരു മൂന്നാർ യാത്ര

ചാരുതയാർന്നൊരാ, തേയിലതോട്ടങ്ങൾ, 
കണ്ടുല്ലസിക്കുവാൻ, മൂന്നാറിൽ വന്ന ഞാൻ, 
കണ്ടേറെ തേയിലതോട്ടങ്ങൾ, കൂടാതെ 
 വർണ്ണം വിതറുന്ന, ഇലകളും പൂക്കളും. 

 വ്രീളാ വിവശയാം, ഭൂമി തൻ നിശ്വാസം ,
കോടമഞ്ഞായി, തഴുകി നീങ്ങീടുമ്പോൾ
പാറകൾക്കുള്ളിൽ, ചുരത്തിയോരാനന്ദം, 
അരുവിയായി  ഉതിരുന്ന, ദൃശ്യങ്ങൾ കണ്ടു ഞാൻ
കാർമേഘപാളികൾ, മൂടി മറച്ചുകൊണ്ട്, 
ആരോരും കാണാതെ, ഭൂമിയും മാനവും, 
മുത്തമിടുന്നത് , കണ്ട നദിയത്, 
കടലിനോടോതുവാൻ, പായുന്നതും കണ്ടു. 

വെള്ളച്ചാട്ടങ്ങൾ, ചൊല്ലുന്ന കഥകൾ 
കേട്ടൊട്ടേറെ, കിളികളും കാറ്റുമതേറ്റുപാടി.  കാട്ടരുവികൾ, ഇക്കിളി ശബ്ദം വെച്ചു, 
അത് കേട്ട മരങ്ങളോ, മന്ത്രിച്ചു മർമ്മരം.

കുന്നിൻ ചെരിവിലെ, ഹൃദ്യമാം കാഴ്ചകൾ, 
സിരകൾ ത്രസിപ്പിക്കും, കാടിൻറെ സംഗീതം,
പ്രകൃതി തൻ മടിത്തട്ടിൽ, കിട്ടിയോരാനന്ദം
സൂക്ഷിക്കും ഞാനെൻറെ, ഓർമ്മതൻ ചെപ്പതിൽ.

No comments: